25 September, 2019 01:28:06 AM
പൊതുമരാമത്ത് റോഡുകള്‍ പാലാരിവട്ടം മോഡല്‍ 'പഞ്ചവടി'പ്പാതകള്‍: സംസ്ഥാനത്താകെ വിജിലൻസ് മിന്നൽ പരിശോധന
തിരുവനന്തപുരം : പഞ്ചവടി പാലം പോലെ തന്നെ പഞ്ചവടി പാതകൾ. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ സംസ്‌ഥാനത്താകെ കണ്ടത് "പാലാരിവട്ടം" പാലത്തിന്റെ ചെറു പതിപ്പുകളായി മാറിയ റോഡുകൾ! നിർമ്മാണത്തിന് തൊട്ടുപിന്നാലെ പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി മാറിയ റോഡുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ വെട്ടിപ്പുകളും ക്രമക്കേടുകളും.
വേണ്ടത്ര ടാർ ഉപയോഗിക്കാതെ ടാറിങ്, രണ്ടിഞ്ച് ടാറിങ്ങിനു താഴെ ചെളി, നിലവാരമില്ലാത്ത ടാറും മെറ്റലും, പുതിയ റോഡ് വെട്ടിപ്പൊളിച്ച് കലുങ്കുപണി ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ. പൊതുമരാമത്ത് ഉദ്യോഗസ്‌ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് റോഡുകളുടെ അല്‍പ്പായുസിനു കാരണമെന്ന ആരോപണത്തെ തുടർന്നാണ് "ഓപ്പറേഷന്‍ സരള്‍ രാസ്‌ത" എന്ന പേരില്‍ വിജിലന്‍സ് സംസ്‌ഥാനമാകെ മിന്നല്‍ പരിശോധന നടത്തിയത്.
നാല്‍പ്പതിലധികം റോഡുകളാണ് ഒറ്റ ദിവസം പരിശോധിച്ചത്. മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്ത സാമ്പിളുകള്‍ ലാബുകളില്‍ അയച്ച് റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്‌ക്ക് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നു വിജിലന്‍സ് ഡയറക്‌ടര്‍ അനില്‍കാന്ത് അറിയിച്ചു. മരാമത്ത് ഉദ്യോഗസ്‌ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണു റോഡുകളുടെ അകാലമരണത്തിനു കാരണം. നിലവാരമില്ലാത്ത അസംസ്‌കൃത വസ്‌തുക്കളാണു റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നു വ്യക്‌തമായതായി വിജിലന്‍സ് ഉന്നതോദ്യോഗസ്‌ഥര്‍ പറഞ്ഞു.
റോഡ് നിര്‍മാണത്തിനും പുനര്‍നിര്‍മാണത്തിനും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നു വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. റോഡുകളിലൂടെ യാത്രചെയ്‌ത് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ കണ്ടെത്തിയ വിജിലന്‍സ് ഉദ്യോഗസ്‌ഥര്‍, ഈ റോഡുകളുടെ പുനര്‍നിര്‍മാണത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. ഡയറക്ടർ അനില്‍കാന്ത്, ഐ.ജി എച്ച്. വെങ്കിടേഷ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
റോഡുകള്‍ക്കു പൊതുമരാമത്ത് വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന വാറന്റി കാലാവധിക്കുള്ളില്‍ മറ്റു ഫണ്ടുകളുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടോ എന്നും വിജിലന്‍സ് പരിശോധിച്ചു. പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന പല റോഡുകളുടെയും കാര്യത്തില്‍ ചട്ടലംഘനമാണെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ചുരുങ്ങിയ കാലത്തിനുള്ളില്‍ റോഡുകള്‍ പൊട്ടിപ്പൊളിയുന്നതിലൂടെ കരാറുകാര്‍ കോടീശ്വരന്മാരാകുന്നുവെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. പൊളിഞ്ഞ റോഡുകളുടെ കാര്യത്തില്‍ പ്രാഥമിക കണ്ടെത്തലുകള്‍ ഇങ്ങനെ....
തിരുവനന്തപുരത്ത് പേരൂര്‍ക്കട - പൈപ്പിന്‍മൂട് - ഊളമ്പാറ റോഡില്‍ ടാറിങ്ങിന് ആവശ്യത്തിനു കനമില്ല. പരുത്തിപ്പാറ - അമ്പലംമുക്ക് റോഡിലെ അറ്റകുറ്റപ്പണിക്കു വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ല. കോട്ടയം പാമ്പാടി - ചേന്നമ്പള്ളി റോഡില്‍ നാലു കിലോമീറ്റര്‍ വ്യത്യാസത്തില്‍ മൂന്നിടത്തു കുഴിച്ച് സാമ്പിളെടുത്തു. ചങ്ങനാശേരി - തെങ്ങണ - കരിക്കണ്ടം റോഡില്‍നിന്നും സാമ്പിളെടുത്ത് നിലവാരപരിശോധനയ്‌ക്കായി ലാബിലേക്കയച്ചു. പത്തനംതിട്ട കെ.പി. റോഡ്-കായംകുളം-പത്തനാപുരം റോഡ് 12 കോടിയോളം രൂപ മുടക്കി പണിതിട്ട് നാലു മാസത്തിനകം ഇടിഞ്ഞു താണു.
കായംകുളം സൈതരുവള്ളി - ടെക്‌നോ ജങ്‌ഷന്‍ റോഡ് പണിക്കുപയോഗിച്ച സാധനങ്ങള്‍ക്കു നിലവാരമില്ല. റീ ടാര്‍ ചെയ്‌ത് ദിവസങ്ങള്‍ക്കകം വീണ്ടും കുഴിയായി. വയനാട് ചീയബം-മുള്ളെങ്കൊല്ലി റോഡ് ടാറിങ്ങിന് നവംബര്‍ വരെ വാറന്റിയുണ്ടെങ്കിലും കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തുന്നില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. ഉദ്യോഗസ്‌ഥരുമായി ഒത്തുകളിച്ച് കരാറുകാരന്‍ ലക്ഷങ്ങള്‍ വെട്ടിച്ചു.
കൂടൊത്തുമ്മന്‍ നടവയല്‍ വേലിയമ്മന്‍ റോഡില്‍ യാത്രക്കാരുടെ ജീവനെടുക്കാവുന്ന 24 വന്‍കുഴികള്‍. 2020 നവംബര്‍ 20 വരെ വാറന്റിയുണ്ടെങ്കിലും കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തുന്നില്ല. കണ്ണൂര്‍ പാടിയോട്ടുചാല്‍-ഓടാമൂട് റോഡില്‍ വന്‍ കുഴി. വീതി കൂട്ടിയഭാഗം അമര്‍ന്നു താണു. ടാറിങ്ങിനു ശേഷം കലുങ്ക് പണിതതു മൂലം ആ ഭാഗത്തു റോഡ് തകര്‍ന്നു. നിരപ്പ് നോക്കാതെ നിര്‍മിച്ചതുമൂലം റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നു. ധര്‍മ്മശാല - അഞ്ചാംപീടിക റോഡില്‍ റീ ടാറിങ് നടത്തിയതിനു പിന്നാലെ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്‌ഥാപിക്കാന്‍ വെട്ടിക്കുഴിച്ചു. തുടര്‍ന്നു നടത്തിയ അറ്റകുറ്റപ്പണി പേരിനു മാത്രമായി. ആ ഭാഗമാകെ പൊട്ടിപ്പൊളിഞ്ഞു.