11 September, 2019 10:44:55 PM
ഇന്ത്യ പോസ്റ്റ് പേമെന്‍റ്: ഇനി രാജ്യത്തിന്‍റെ ഏത് കോണിലും ബാങ്കിംഗ് സേവനം
ദില്ലി: ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക് ആധാറുമായി ബന്ധിപ്പിച്ചുള്ള പേമെന്‍റ് സംവിധാനം അവതരിപ്പിച്ചു. ഇതുവഴി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിനാളുകള്‍ക്ക് ധനകാര്യ സേവനം ലഭ്യമാകും. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് സെക്രട്ടറി ആനന്ദ് നാരയണ്‍ നന്ദ, ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക് എംഡിയും സിഇഒയുമായ സുരേഷ് സേത്തി തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടെ ഏതു ബാങ്കിന്‍റെ ഇടപാടുകാരനും സേവനം നല്‍കാവുന്ന വിധത്തില്‍ ഏറ്റവും വലിയ ധനകാര്യ സേവന പ്ലാറ്റ്‌ഫോമുള്ള സ്ഥാപനമായി ഇന്ത്യ പോസ്റ്റ് പേമെന്‍റ് ബാങ്ക് മാറി.
നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്റര്‍ഓപ്പറബിള്‍ പ്ലാറ്റ്‌ഫോമാണ് പോസ്റ്റല്‍ ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ ഏതു കോണിലും ബാങ്കിംഗ് സേവനം ലഭ്യമാക്കാനുള്ള ശേഷിയാണ് ഇതുവഴി പോസ്റ്റല്‍ ബാങ്കിനു ലഭിച്ചിട്ടുള്ളത്. പണം പിന്‍വലിക്കല്‍, ബാലന്‍സ് അന്വേഷണം തുടങ്ങി അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് ഏതു ബാങ്കിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാങ്ക് വഴി ലഭ്യമാകും.