29 August, 2019 07:49:10 AM
ഓണമായിട്ടും കാശില്ല, കരാറുകാര്‍ കളം വിടുന്നു ; സംസ്ഥാനം നീങ്ങുന്നത് വികസന സ്തംഭനത്തിലേക്ക്
തിരുവനന്തപുരം: ഓണമായിട്ടും ബില്ലുകള്‍ മാറിക്കിട്ടാത്തതിനേത്തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ പണികളും ബഹിഷ്‌കരിക്കാനൊരുങ്ങി കരാറുകാര്‍. സംസ്ഥാനം നീങ്ങുന്നത് വികസനസ്തംഭനത്തിലേക്ക്. മാസങ്ങളായി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 10 ലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാറികൊടുത്താല്‍ മതിയെന്നായിരുന്നു ട്രഷറികള്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം.
ഇതിനിടെയാണ് ഇനി അറിയിപ്പുണ്ടാകുന്നതുവരെ കരാറുകാരുടെയും മറ്റ് അെക്രഡിറ്റഡ് ഏജന്‍സികളുടെയും ബില്ലുകള്‍ മാറി നല്‍കേണ്ടതില്ലെന്ന ഉത്തരവ് കഴിഞ്ഞാഴ്ച ധനവകുപ്പ് പുറത്തിറക്കിയത്. മാര്‍ച്ചുമുതല്‍ ബില്ലുകള്‍ മുടങ്ങുന്നുവെന്നാണ് കരാറുകാരുടെ പരാതി. 10 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറിക്കൊടുത്താല്‍ മതിയെന്ന നിര്‍ദേശമുണ്ടായിരുന്നതുകൊണ്ടുതന്നെ പല സ്ഥാപനങ്ങള്‍ക്കും ബില്ല് മാറാന്‍ കഴിഞ്ഞിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഇത് അഞ്ചുലക്ഷം രൂപയായി നിജപ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് കരാറുകാര്‍ക്ക് 600 കോടിയോളം രൂപ കുടിശികയായി നല്‍കാനുണ്ടെന്നാണ് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ പണികളും ബഹിഷ്‌ക്കരിക്കാനും പുതിയ പദ്ധതികളിലെ ടെന്‍ഡറില്‍ പങ്കാളിയാകേണ്ടെന്നുമാണ് ഇവരുടെ തീരുമാനം. പൊതുമരാമത്ത് വകുപ്പിലെ കരാറുകാര്‍ക്കും വന്‍തുക കുടിശിക നല്‍കാനുണ്ട്.
അവര്‍ക്ക് ബാങ്കുകളില്‍നിന്നു ഡിസ്‌ക്കൗണ്ട് സൗകര്യം നേരത്തെ ലഭ്യമാക്കിയിരുന്നു. ആവശ്യമായ തുക ബാങ്കുകള്‍ നല്‍കുകയും ആ പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്യുന്നതായിരുന്നു ഈ രീതി. എന്നാല്‍ നിരന്തരം ചെക്കുകള്‍ മാറാന്‍ കഴിയാതെ വന്നതോടെ ആ ആനുകൂല്യവും ഇല്ലാതാകുന്നുവെന്നാണ് കരാറുകാര്‍ പറയുന്നത്. കിഫ്ബിയുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇവ പ്രത്യേക ഏജന്‍സികള്‍ ഏറ്റെടുത്ത് നടത്തി പൂര്‍ത്തിയായാലുടന്‍ തന്നെ കിഫ്ബി പണം നല്‍കുന്ന തരത്തിലുമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബജറ്റിന് പുറത്തുള്ള പദ്ധതികളാണ് ഇവ. കരാറുകാരുടെ നിസഹരണത്തോടെ പ്രതിസന്ധിയിലാകുന്നത് ബജറ്റില്‍ പ്രഖ്യാപിച്ചവയും.
ബജറ്റ് നേരത്തേ പാസാക്കി പദ്ധതിക്ക് അംഗീകാരം നല്‍കിയത് നടത്തിപ്പിന്റെ വേഗം കൂട്ടാനാണ്. മൊത്തം 39,782.17 കോടി രൂപയുടേതായി സംസ്ഥാനചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷികപദ്ധതിയാണ് ഇക്കുറി. എന്നാല്‍ സാമ്പത്തികവര്‍ഷം ആരംഭിച്ച് അഞ്ചുമാസമായിട്ടും ഇതുവരെ പൂര്‍ത്തീകരിക്കാനായത് 16.5% മാത്രം. ഓണത്തിന് ക്ഷേമപെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍, ഉത്സവബത്ത, ബോണസ്, അഡ്വാന്‍സ് തുടങ്ങി എല്ലാം കൂടി 10,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതനുസരിച്ചുള്ള വരുമാനവര്‍ധനയില്ല. ഇക്കുറിയും പ്രളയമെത്തിയതോടെ പ്രതിസന്ധി വളരെ ഗുരുരമാകും. രാജ്യത്തെ സമ്പദ്‌വ്യവ്‌സഥയില്‍ പൊതുവിലുള്ള മാന്ദ്യം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും.