21 August, 2019 05:53:44 PM
ഓണവിപണി: അമിത വിലയും അനധികൃത കച്ചവടവും നിയന്ത്രിക്കാന്‍ പ്രത്യേക സ്ക്വാഡ്
കോട്ടയം: ഓണത്തോടനുബന്ധിച്ച് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഭക്ഷ്യോപദേശക സമിതിയുടെ തീരുമാന പ്രകാരം വിപണിയില്‍ പരിശോധന നടത്തുന്നതിന് സംയുക്ത സ്ക്വാഡ് രൂപീകരിച്ചു.
ഭക്ഷ്യ- പൊതു വിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഓണക്കാലം കഴിയുന്നതുവരെ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്ക്വാഡ് ഊര്‍ജ്ജിത പരിശോധന നടത്തും. കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കുരുമുളക്, മഞ്ഞള്‍ തുടങ്ങിയവ വാങ്ങി കറി പൊടികളും മസാലയും മറ്റുമുണ്ടാക്കി വ്യവസായ സ്ഥാപനങ്ങള്‍ അമിത വിലയ്ക്ക് വിറ്റഴിക്കുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതര സംസ്ഥാനക്കാരായ അനധികൃത കച്ചവടക്കാര്‍ ഭേല്‍പൂരിപോലെയുള്ള ഭക്ഷണ സാധനങ്ങള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ തയ്യാറാക്കി വില്‍പ്പന നടത്തുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. റേഷന്‍ കടകളില്‍ ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും വില്‍പ്പന സജീവമായി നടക്കുന്നുണ്ടെന്നും റേഷന്‍ വ്യാപാരികളുടെ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ടി. ഏബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.