10 July, 2019 07:20:14 PM


അസമത്വം വര്‍ധിക്കുന്നു; സമ്പദ് പ്രവണതകളെ നേരിടാന്‍ കേന്ദ്ര ബജറ്റ് അപര്യാപ്തം - ഡോ. സുരജിത് ദാസ്




കോട്ടയം: രാജ്യത്ത് നിലനില്‍ക്കുന്ന സമ്പദ് പ്രവണതകളെ യാഥാര്‍ഥ്യബോധത്തോടെ നേരിടാന്‍ പര്യാപ്തമല്ല കേന്ദ്ര ബജറ്റെന്ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിംഗിലെ അധ്യാപകന്‍ ഡോ. സുരജിത് ദാസ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടതെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സില്‍ പ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ശരാശരി വേതനനിരക്കില്‍ സ്തംഭനാവസ്ഥയും നിക്ഷേപങ്ങളില്‍ ഇടിവും സമ്പദ് വ്യവസ്ഥ നേരിടുന്നുണ്ട്. സാമ്പത്തിക അസമത്വം വര്‍ധിച്ചിട്ടുണ്ട്. ജനസംഖ്യയില്‍ 80 ശതമാനത്തിലധികംപേരും സ്വന്തം കുട്ടികളുടെ ചെലവും സ്വകാര്യ ആരോഗ്യ സുരക്ഷ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള ചെലവും താങ്ങാനാവാത്ത അവസ്ഥയിലാണ്. തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്ന സ്വകാര്യ നിക്ഷേപങ്ങള്‍ കുറയുമ്പോള്‍ സര്‍ക്കാര്‍ പദ്ധതിചെലവ് ഉയര്‍ത്തേണ്ടതുണ്ട്. സാമൂഹിക സുരക്ഷമേഖലയിലെ പദ്ധതിചെലവും ഉയര്‍ത്തണം. എന്നാല്‍ മൊത്ത ആഭ്യന്തര ഉല്പാദനത്തിന് ആനുപാതികമായി നോക്കുമ്പോള്‍ ഈ മേഖലയിലേക്കുള്ള ബജറ്റിലെ വിഹിതം കുറവാണ്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയടക്കം ഉള്‍ക്കൊള്ളുന്ന ഗ്രാമീണ വികസന മേഖലയിലെ പദ്ധതിവിഹിതം ജി.ഡി.പി. നിരക്കിന് ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും ഇതനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെയും കണ്‍സള്‍ട്ടന്റായിരുന്നു ഡോ. സുരജിത് ദാസ്. ഡോ. മാത്യു വര്‍ഗീസ്, സോഷ്യല്‍ സയന്‍സ് ഡീന്‍ പ്രൊഫ. കെ.എം. സീതി, ഡോ. കെ.എന്‍. രാജ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മാത്യു കുര്യന്‍, ഡോ. ജോസ് കെ. നെടുത്തോട്ടി എന്നിവര്‍ പ്രസംഗിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K