06 July, 2019 08:24:22 PM
പലിശസഹിതം 7300 കോടി രൂപ പി.എന്‍.ബിക്ക് നല്‍കണം: നീരവ് മോദിക്കെതിരെ ഡബിറ്റ് റിക്കവറി ട്രൈബ്യൂണൽ
പൂനെ: വ്യാജ വ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിന് 7300 കോടി രൂപ നല്‍കണമെന്ന് പൂണെ ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ (ഡി.ആര്‍ടി) ഉത്തരവ്. വായ്പാ പലിശ സഹിതമുള്ള തുക നല്‍കണമെന്നാണ് ഡി.ആര്‍.ടിയുടെ നിര്‍ദേശം. വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈയില്‍ നല്‍കിയ രണ്ട് കേസുകളിലാണ് നടപടി. ഡി.ആര്‍.ടി പ്രിസൈഡിങ് ഓഫീസര്‍ ദീപക് തക്കാറാണ് ഉത്തരവിറക്കിയത്.
നീരവ് മോദിയുടെ അക്കൗണ്ടുകള്‍ സ്വിറ്റ്സർലന്‍റ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. 41 കോടിയിലധികം രൂപ ആസ്തിയിലുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. നിലവില്‍ നാല് സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇവയില്‍ രണ്ട് അക്കൗണ്ടുകള്‍ നീരവ് മോദിയുടെ പേരിലും ബാക്കിയുള്ളവ നീരവിന്റെ സഹോദരി പൂര്‍വി മോദിയുടെ പേരിലുമാണ്.
നാല് അക്കൗണ്ടുകളിലായി 41,46,75,000 രൂപ (ആറ് മില്ല്യണ്‍ യു.എസ് ഡോളര്‍) ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാലു മാസം മുന്‍പാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്‌സര്‍ലാന്‍റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 1700 കോടി രൂപയുടെ മറ്റൊരു കേസും ഡി.ആര്‍.ടി ക്ക് മുന്നിലുണ്ട്.