04 July, 2019 12:09:55 PM
നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളരും; കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ 2018-19 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 2018 -19 സാമ്പത്തിക വര്‍ഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായ 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്.
വരുന്ന സാമ്പത്തിക വര്‍ഷം ഇതില്‍ നിന്ന് സമ്പദ്‍വ്യവസ്ഥയ്ക്ക് മുന്നേറ്റമുണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ 2018 -19 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നാളെ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിന് മുന്നോടിയായിട്ടാണ് ഇന്ന് സാമ്പത്തിക സര്‍വേ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വച്ചത്.