27 June, 2019 02:43:57 PM
നിരവ് മോഡിയുടേയും സഹോദരിയുടെയും സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ദില്ലി: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നിരവ് മോഡിയുടെയും സഹോദരി പൂര്‍വി മോഡിയുടെയും സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. 286.13 കോടി രൂപയുടെ നിക്ഷേപമുള്ള നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് സ്വിസ് അധികൃതരെ ഉദ്ധരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. നിരവിന്റെ ഇന്ത്യയിലെയും വിദേശത്തേതുമായ 2000 കോടി രൂപയുടെ ആസ്തി ഇതിനകം എന്‍ഫോഴ്‌സ്‌മെന്റ് ഇടപെട്ട് മരവിപ്പിച്ചിരുന്നു.
വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നിരവ് നിലവില്‍ ലണ്ടന്‍ ജയിലിലാണ്. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ലണ്ടന്‍ കോടതിയുടെ മുന്നിലുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികണക്കിന് രൂപ വായ്പ എടുത്തശേഷമാണ് നിരവ് മോഡിയും ബന്ധു മെഹുല്‍ ചോക്‌സിയും കുടുംബവും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നിന്ന് കടന്നത്. നിരവ് മോഡിയുടെ ജാമ്യാപേക്ഷകള്‍ ലണ്ടന്‍ കോടതി തള്ളിയിരുന്നു. കരീബിയന്‍ നാടുകളില്‍ അഭയം നേടിയ മെഹുല്‍ ചോക്‌സിയെ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.