18 June, 2019 06:08:02 PM


ശുദ്ധികലശം തുടരുന്നു; പരോക്ഷ നികുതി - കസ്റ്റംസ് വകുപ്പിലെ 15 ഉന്നതരെ കൂടി പിരിച്ചുവിട്ടു



ദില്ലി: അഴിമതി ആരോപണത്തിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാരിലെ 15 ഉന്നതര്‍ക്ക് കൂടി ധനമന്ത്രാലയം നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി. പരോക്ഷ നികുതി, കസ്റ്റംസ് വകുപ്പിലെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, കമ്മീഷണര്‍, അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ജോലി നഷ്ടമായത്.


ഫണ്ടമെന്റല്‍ റൂള്‍സിലെ ചട്ടം 56 (ജെ) പ്രകാരം രാഷ്ട്രപതിയാണ് നടപടിയെടുത്തത്. 50 വയസ്സ് പൂര്‍ത്തിയായവരാണ് ഇവര്‍. പിരിഞ്ഞുപോകുന്നവര്‍ക്ക് നിലവില്‍ വാങ്ങിക്കൊണ്ടിരിക്കുന്ന നിരക്കിലുള്ള മൂന്നു മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.


ഈ മാസം ഇത് രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത്. ജൂണ്‍ 10ന് ആദായ നികുതി വകുപ്പിലെ ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍, കമ്മീഷണര്‍ എന്നിവരെ ജനറല്‍ ഫിനാല്‍ഷ്യല്‍ റൂള്‍സിലെ ചട്ടം 56 പ്രകാരം പിരിഞ്ഞുപോകാന്‍ ധനമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗികാരോപണം തുടങ്ങിയവ നേരിടുന്നവരാണിവര്‍.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K