15 May, 2019 06:53:39 PM
ജോസഫിനെതിരെ മാണി വിഭാഗം; അനുസ്മരണ യോഗത്തിൽ ചെയർമാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി
തിരുവനന്തപുരം: പി ജെ ജോസഫിനെതിരെ മാണി വിഭാഗത്തിന്‍റെ നിയമ നീക്കം. തിരുവനന്തപുരത്ത് നടക്കുന്ന മാണി അനുസ്‌മരണ യോഗത്തിനിടെ ചെയർമാനെ തെരെഞ്ഞെടുക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കോടതി അവധിക്കാല ബെഞ്ചിന്‍റെ നിര്‍ദ്ദേശം. കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി മനോജിന്‍റെ ഹർജിയിൽ ആണ് നടപടി.
മാണി അനുസ്മരണ യോഗത്തില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടാണ് മനോജ് ഹര്‍ജി നല്‍കിയത്. ബൈലോ പ്രകാരമല്ല നടപടി എന്ന് ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാണി അനുസ്‌മരണം നടക്കുകയാണ്. പി ജെ ജോസഫും ജോസ് കെ മാണിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സ്വന്തം ഇഷ്ട പ്രകാരമാണ് ഹര്‍ജി നല്‍കിയതെന്ന് മനോജ് പറയുന്നുണ്ടെങ്കിലും മാണി വിഭാഗത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നിയമ നീക്കം നടത്തിയതെന്നാണ് സൂചന.
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍റെ താത്കാലിക ചുമതല പിജെ ജോസഫിന് കൈമാറിയിരുന്നു. സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല നല്‍കേണ്ടതെന്നും ഇതനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നും ജോയ് എബ്രഹാം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ താത്കാലിക ചുമതല നൽകാനുള്ള അധികാരം ജോയ് എബ്രഹാമിനില്ലെന്നും പാർട്ടി ബൈലോ പ്രകാരം ഇത് തെറ്റായ നടപടിയാണെന്നും കൊല്ലം ജില്ല ജനറൽ സെക്രട്ടറി മനോജ് പറയുന്നു. പി.ജെ. ജോസെഫിന്‍റെ താത്കാലിക ചുമതല നിലനിൽക്കുമോ എന്ന കാര്യം വ്യക്തമല്ല. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റി ചർച്ചക്ക് ശേഷം മാത്രമാണെന്നും മനോജ് പറഞ്ഞു.