30 April, 2019 01:18:58 PM


എത്ര കള്ളവോട്ട് ചെയ്താലും തോല്‍പ്പിക്കാനാകില്ല ; സിപിഎം ഒറ്റയക്കമായി ചുരുങ്ങും - മുരളീധരന്‍


55 mins ago

uploads/news/2019/04/305040/k-muraleedharan.jpg


തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ സിപിഎം ഒറ്റയക്കമായി ചുരുങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍. ഇപ്പോള്‍ കള്ളവോട്ട് ആരോപണമുയര്‍ന്ന കണ്ണൂരിലെ പല ബൂത്തുകളിലും യുഡിഎഫ് പോളിങ് ഏജന്റുമാരെ ചുമന്നുകൊണ്ടു വരേണ്ടി വന്നിട്ടുണ്ടെന്നും എത്ര കള്ളവോട്ട് ചെയ്താലും 25,000 ല്‍ കുറയാത്ത ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.


വടകര മണ്ഡലത്തില്‍ അറുപത് ബൂത്തുകളില്‍ കള്ളവോട്ടു നടന്നതായാണ് സംശയിക്കുന്നത്. എന്നാല്‍ കള്ളവോട്ടിലൂടെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ സിപിഎമ്മിനു കഴിയൂ. അതുകൊണ്ടു തന്നെ റീപോളിങ് ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനവിധി അട്ടിമറിക്കുന്ന നടപടികള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ വോട്ടെണ്ണല്‍ കഴിഞ്ഞായാലും കള്ളവോട്ടിനെതിരെ നിയമയുദ്ധം തുടരും.


കള്ളവോട്ടിന്റെ ദൃശ്യം സഹിതമുള്ള തെളിവുകള്‍ ശേഖരിച്ച് തെളിവു സഹിതം നിയമ നടപടി സ്വീകരിക്കും. കോടതി ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കോടതിയെ സമീപിക്കും. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ പി ജയരാജന്റെ സ്വന്തം ബൂത്തില്‍ യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്‍ പോലും അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.


162 ബൂത്തുകള്‍ ഹൈപ്പര്‍ സെന്‍സിറ്റിവ് ആയി കണക്കാക്കണമെന്ന് തന്റെ ആവശ്യപ്രകാരം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം അതനുസരിച്ചുള്ള ഒരു നടപടിയുമുണ്ടായില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകൂടുമെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് അവര്‍ വോട്ടു യുഡിഎഫിന് മറിച്ചുനല്‍കുമെന്നു പറഞ്ഞത്. ഇത് നമ്മളൊന്നും പഠിച്ച കണക്കല്ല. ഏതു ശാസ്ത്രമാണെന്നു കോടിയേരിയാണ് പറയേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.


താലൂക്ക് അനുസരിച്ച് സിപിഎമ്മിന്റെ നയം മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് എതിര് നില്‍ക്കുമ്പോള്‍ പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിനൊപ്പവും മാഹിയില്‍ കമലഹാസന്റെ പാര്‍ട്ടിക്കൊപ്പമാകും. ജനങ്ങള്‍ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനെ കൈവിട്ടു. ബംഗാളിലും ത്രിപുരയിലും ജനം കൈവിട്ടു. തമിഴ്നാട്ടില്‍ ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിക്കൊപ്പമായതിനാല്‍ ചിലപ്പോള്‍ ജയിച്ചേക്കാമെന്നും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K