01 April, 2019 04:34:56 PM


അധിക വിനോദ നികുതി ഈടാക്കാനുള്ള നീക്കത്തിന് ഹൈക്കോടതി സ്‌റ്റേ; സിനിമാ ടിക്കറ്റ് നിരക്ക് ഉയരില്ല




കൊച്ചി : ഇന്നു മുതല്‍ സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. നിലവിലെ സ്ഥിതി തുടരാനും ഉത്തരവിട്ടു. സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്ക് പുറമെ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.



അധിക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെ അന്നുതന്നെ, എതിര്‍പ്പുമായി സിനിമാ സംഘടനകളുടേയും സിനിമാ തീയേറ്റര്‍ ഉടമകളും രംഗത്തു വന്നിരുന്നു. 10 ശതമാനം ജിഎസ്ടി കുറച്ച സാഹചര്യത്തിലാണ് അധിക നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും, അതിനാല്‍ സിനിമാ മേഖലയെ ബാധിക്കില്ലെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടത്.



ഈ വാദം തള്ളി സിനിമാ തീയേറ്റര്‍ ഉടമകളുടെ സംഘടന അടക്കം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംഘടന ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി സിനിമാ സംഘടനകളുടെ ഹര്‍ജിയില്‍ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K