28 March, 2019 11:00:29 AM
വായ്പ തിരിച്ചടവിന് പുതുതന്ത്രവുമായി ബാങ്കുകള്‍; കടക്കാരുടെ വീട്ടിലെത്തി സൗഹൃദരീതിയിൽ ഭീഷണി
ഇടുക്കി: കാർഷിക വായ്പ മൊറട്ടോറിയം സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങാത്തതിനാൽ വായ്പ തിരിച്ചടവിനായി പുതുതന്ത്രവുമായി ബാങ്കുകള്‍. വായ്പ എടുത്തവരുടെ വീടുകളിൽ സൗഹൃദ സന്ദർശനമെന്ന പേരിലെത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥർ. മൊറട്ടോറിയം ഉത്തരവ് വൈകിയാൽ ബാങ്കുകൾ വീണ്ടും ജപ്തി നോട്ടീസുകൾ അയക്കുമോ എന്ന ആശങ്കയിലാണ് കർഷകര്‍. പ്രളയാന്തര ഇടുക്കിയിൽ കാർഷിക വിളകൾ നശിച്ചതും വിലത്തകർച്ചയും നിമിത്തം വായ്പ തിരിച്ചടവ് മുടങ്ങിയ 15,000ത്തോളം പേർക്കാണ് ബാങ്കുകൾ നോട്ടീസ് അയച്ചത്.
ബാങ്കുകളുടെ സമ്മർദ്ദം താങ്ങാനാകാതെ എട്ട് പേർ ആത്മഹത്യ ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ സർക്കാർ ബാങ്കേഴ്സ് സമിതി വിളിച്ച് ചേർത്തു. കാർഷിക-കാർഷികേതര വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. എന്നാൽ ഉത്തരവിറങ്ങിയില്ല. ഇതോടെ വായ്പ തിരിച്ച് പിടിക്കുന്നതിനുള്ള പുതുതന്ത്രം പയറ്റുകയാണ് ബാങ്കുകൾ. ഉദ്യോഗസ്ഥരെ പഴിചാരാതെ മൊറട്ടോറിയം പ്രാവർത്തികമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. ഇല്ലെങ്കിൽ കർഷക ആത്മഹത്യകൾ തുടർക്കഥയായേക്കുമെന്ന ഭീതിയും ഇവർ പങ്കുവയ്ക്കുന്നു.