17 January, 2019 07:46:35 AM
തെരഞ്ഞെടുപ്പ്: ഇന്ന് മുന്നണിയോഗങ്ങള്‍; യുഡിഎഫില്‍ സീറ്റിനു വേണ്ടി ഇടി, തര്‍ക്കത്തിന് ഇടമില്ലാതെ എല്‍ഡിഎഫ്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ആദ്യപടിയായി എല്‍.ഡി.എഫും യു.ഡി.എഫും ഇന്നു യോഗം ചേരും. പതിവുപോലെ, കൂടുതല്‍ സീറ്റിനു വേണ്ടി യു.ഡി.എഫില്‍ ഘടകകക്ഷികള്‍ അവകാശവാദം തുടങ്ങിക്കഴിഞ്ഞു. നാലു കക്ഷികള്‍ പുതുതായി എത്തിയിട്ടുണ്ടെങ്കിലും എല്‍.ഡി.എഫില്‍ തര്‍ക്കത്തിനു സാധ്യതയില്ല. അവിടെ എല്ലാം സി.പി.എം. തീരുമാനിക്കും. പിന്നെ ചോദ്യങ്ങളില്ല!
ലോക്താന്ത്രിക് ജനതാദള്‍ രൂപീകരിച്ച് എം.പി. വീരേന്ദ്ര കുമാര്‍ എല്‍.ഡി.എഫിലേക്കു പോയനിലയ്ക്ക് ഒരു സീറ്റ് തങ്ങള്‍ക്കു വേണമെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) യു.ഡി.എഫില്‍ ആവശ്യപ്പെടും. എന്നാല്‍, നേരത്തേ വീരേന്ദ്ര കുമാറിനു കൊടുത്ത പാലക്കാട് അവര്‍ക്കു വേണ്ട. കോട്ടയം അല്ലെങ്കില്‍ ഇടുക്കിയാണു ജേക്കബ് വിഭാഗത്തിനു താല്‍പ്പര്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാളെയും പിണക്കാന്‍ വയ്യെന്ന നിലയാണു യു.ഡി.എഫിന്റേത്. കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ചിലര്‍ വിട്ടുപോയതാണു കാരണം.
കോട്ടയം വിട്ടുകൊടുക്കുന്ന കാര്യം ചോദിക്കുകയേ വേണ്ടെന്ന് മുന്നണിയിലേക്കു തിരിച്ചെത്തിയ കേരളാ കോണ്‍ഗ്രസ്- മാണി വിഭാഗം ഉറച്ച നിലപാടെടുക്കും. ഇടുക്കി കൂടി ചോദിക്കാനും അവര്‍ തയാറെടുക്കുന്നു. ഈ തര്‍ക്കം പരിഹരിക്കലാകും യു.ഡി.എഫിന്റെ ആദ്യത്തെ വെല്ലുവിളി. പി.സി. ജോര്‍ജിനെ മുന്നണിയിലെടുക്കുന്നത് ആലോചനയിലേയില്ല. മൂന്നാമതൊരു സീറ്റ് കൂടി ചോദിക്കാന്‍ ഒരുമ്പെടുന്ന മുസ്ലിം ലീഗിനെയും കോണ്‍ഗ്രസിന് അനുനയിപ്പിക്കേണ്ടിവരും. 23-നു നടത്തുന്ന സെക്രട്ടേറിയറ്റ്/കലക്ടറേറ്റ് ഉപരോധങ്ങളാണു യു.ഡി.എഫ്. യോഗത്തിന്റെ പ്രധാന അജന്‍ഡയെങ്കിലും സീറ്റ് വിഭജനത്തില്‍ ഏകദേശരൂപമുണ്ടാക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.
പുതുതായെത്തിയ എല്‍.ജെ.ഡി, കേരളാ കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍. എന്നിവരുമെത്തുന്ന എല്‍.ഡി.എഫ്. യോഗത്തിനെ സീറ്റ് ചര്‍ച്ചയിലുപരി, വി.എസ്. അച്യുതാനന്ദനും അദ്ദേഹം ജയിലിലെത്തിച്ച ആര്‍. ബാലകൃഷ്ണ പിള്ളയും ഒന്നിച്ചെത്തിയേക്കാവുന്ന സാഹചര്യമാണു ശ്രദ്ധേയമാക്കുന്നത്. പിള്ളയ്ക്കു സ്വന്തം ചേരിയില്‍ മുഖാമുഖം ഇരിപ്പിടമൊരുങ്ങുന്ന യോഗത്തില്‍ വി.എസ്. പങ്കെടുക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പുതുതായി എത്തിയവര്‍ സീറ്റ് ആവശ്യപ്പെട്ടേക്കാമെങ്കിലും കിട്ടാനുള്ള സാധ്യത വിരളമാണ്. തര്‍ക്കങ്ങള്‍ക്കു സാധ്യതയില്ല. അവിടെ സി.പി.എം. തീരുമാനിക്കുന്നതേ നടക്കൂ. എല്ലാ ഘടകകക്ഷികള്‍ക്കും അതു നന്നായി അറിയുകയും ചെയ്യും