13 March, 2016 12:13:11 AM
വായ്പകളില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലക്കുമായി സെബി
ദില്ലി : റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ച് വായ്പകളില്‍ ബോധപൂര്‍വം വീഴ്ച വരുത്തുന്നവരായി ബാങ്കുകള്‍ പ്രഖ്യാപിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ശന വിലക്കുമായി വിപണി നിയന്ത്രണ സംവിധാനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). മദ്യ വ്യവസായി വിജയ് മല്യ ബാങ്കുകള്‍ക്ക് 9000 കോടി രൂപ കടം അടക്കാനിരിക്കെ രാജ്യം വിട്ടത് വിവാദത്തിലായിരിക്കെയാണ് സെബിയുടെ നിര്‍ണായക തീരുമാനം.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നതിനും ഓഹരികള്‍, ബോണ്ടുകള്‍ തുടങ്ങിയവയിലൂടെ പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനും വിലക്കേര്‍പ്പെടുത്താനാണ് സെബിയുടെ തീരുമാനം. മ്യൂച്വല്‍ ഫണ്ടുകളും ബ്രോക്കറേജ് സ്ഥാപനങ്ങളും തുടങ്ങുന്നതിനും മറ്റേതെങ്കിലും ലിസ്റ്റഡ് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഇവരെ അനുവദിക്കില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പങ്കെടുത്ത ബോര്‍ഡ് യോഗത്തിലെടുത്ത തീരുമാനം വിജ്ഞാപനം ചെയ്യുന്നതോടെ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സെബി ചെയര്‍മാന്‍ യു.കെ. സിന്‍ഹ പറഞ്ഞു.