10 January, 2019 01:35:48 PM


'താന്‍ ഇരയാക്കപ്പെട്ട ചാരക്കേസിന് പിന്നിൽ രാഷ്ട്രീയലക്ഷ്യവും എസ് വിജയനും': വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സൻ



കോഴിക്കോട്: ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസ്സൻ. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെന്നും താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നുവെന്നും ഫൗസിയ ഹസ്സൻ. തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. രണ്ട് പേർക്കും കേരള സർക്കാർ നഷ്ടപരിഹാരം നൽകണം. ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസിൽ സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടിയതിൽ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസ്സൻ പറഞ്ഞു.


പൊലീസുദ്യോഗസ്ഥൻ എസ് വിജയനാണ് ചാരക്കേസിന് പിന്നിൽ. ഇതിന് കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയിൽ വച്ചാണ് ആദ്യം കാണുന്നത്. നമ്പി നാരായണൻ - എന്ന പേര് പറയാൻ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നു - ഫൗസിയ ഹസ്സൻ പറയുന്നു. കരുണാകരനെയും നരസിംഹറാവുവിന്‍റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതിൽ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സൻ വെളിപ്പെടുത്തുന്നു. താനും മറിയം റഷീദയും ആയുധങ്ങളായി മാറുകയായിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമപോരാട്ടം തുടരുക - ഫൗസിയ ഹസ്സൻ പറയുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K