08 January, 2019 11:29:49 AM
ലോകബാങ്ക് പ്രസിഡന്‍റ് ജിം യോങ് കിം സ്ഥാനമൊഴിഞ്ഞു; രാജി മൂന്ന് വര്‍ഷം കാലാവധി ശേഷിക്കെ
വാഷിങ്ടണ്‍: ലോകബാങ്ക് പ്രസിഡന്‍റ് ജിം യോങ് കിം സ്ഥാനമൊഴിഞ്ഞു. മൂന്ന് വർഷത്തെ കാലാവധി ബാക്കിയിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരഭവുമായി സഹകരിക്കുന്നതിന് ജിം യോങ് സ്ഥാനമൊഴിയുന്നു എന്നാണ് ലോക ബാങ്കിന്‍റെ ഔദ്യോഗിക വിശദീകരണം. ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ക്രിസ്റ്റീന ജോർജിയോവയ്ക്കാകും പകരം ചുമതല.
ലോകബാങ്കിന്റെ തലപ്പത്ത് രണ്ടുതവണയായി ആറു വർഷത്തെ സേവനത്തിന് ശേഷമാണ് കിം പടിയിറങ്ങുന്നത്. ലോക ബാങ്കിന്‍റെ പ്രസിഡന്‍റായി സേവനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായതിൽ അഭിമാനിക്കുന്നു എന്നായിരുന്നു രാജിക്ക് ശേഷമുള്ള ജിം യോങ് കിംന്‍റെ പ്രസ്താവന. അതേ സമയം അപ്രതീക്ഷിത രാജിയെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ലോക ബാങ്കോ ജിം യോങ്ങോ പുറത്ത് വിട്ടിട്ടില്ല.
2012 ജൂലൈ ഒന്നിനാണ് തെക്കൻ കൊറിയക്കാരനായ കിം ലോകബാങ്കിന്റെ പ്രസിഡന്‍റായി ആദ്യമായി ചുമതലയേറ്റത്. ശേഷം 2017 ജൂലൈയിൽ രണ്ടാം വട്ടവും കിം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് കിമ്മിന്റെ പേര് മാത്രമേ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാതെ സ്ഥാനമൊഴിയാനായിരുന്നു കിമ്മിന്റെ തീരുമാനം. വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ജിം നരവംശ ശാസ്ത്രത്തിൽ അവഗാഹമുള്ള വ്യക്തികൂടിയാണ് അദ്ദേഹം.