08 January, 2019 11:05:51 AM
മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തിയില്ല; സർക്കാർ ഓഫീസുകളില്‍ ഹാജർ നില കുറവ്
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ സംയുക്തതൊഴിലാളി യൂണിയനുകൾ നടത്തുന്ന പണിമുടക്കുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തിയില്ല. സാധാരണ ഒമ്പത് മണിയോടെ സെക്രട്ടേറിയറ്റിലെത്താറുള്ള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പത്ത് മണിയായിട്ടും ഓഫീസുകളിലെത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ ഓഫീസുകളിലും ഇന്ന് ഹാജർ നില കുറവാണ്.
ഇന്നത്തെ ഭരണകാര്യങ്ങൾ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഔദ്യോഗികവസതികളിലിരുന്നാകും നോക്കുക എന്നാണ് സൂചന. വകുപ്പുതല സെക്രട്ടറിമാരും ഇന്ന് സെക്രട്ടേറിയറ്റിലെത്തിയേക്കില്ല. ഉച്ചയോടെ മാത്രമേ ഓഫീസുകളിലെ ഹാജർ നിലയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കിട്ടൂ. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളിയൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ബിഎംഎസ് ശക്തമല്ലാത്തതിനാൽ മിക്ക ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കാനാണ് സാധ്യത.