06 January, 2019 11:24:23 AM
തന്ത്രിയെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; തന്ത്രിയെ കര്‍മ്മസമിതി ആയുധമാക്കി - കടകംപള്ളി
തിരുവനന്തപുരം: യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രിയുടെ നടപടി താന്ത്രിക വിധി പ്രകാരമുള്ള കര്‍മ്മമായിരിക്കും, എന്നാല്‍ അത് സുപ്രീംകോടതി വിധിക്കെതിരാണെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദന്‍. തന്ത്രിയെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് തന്ത്രി നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
തന്ത്രി സ്വീകരിച്ച നിലപാട് സുപ്രീംകോടതി വിധിക്കെതിരാണ്. അതില്‍ അയിത്താചാരത്തിന്‍റെ പ്രശ്നം പോലും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ തന്ത്രിക്ക് അവകാശമില്ല. താന്ത്രികവിധി പ്രകാരം ആയിരിക്കും തന്ത്രി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ ചെയ്തത് സുപ്രീംകോടതി വിധിക്കെതിരാണ്. ശബരിമലകര്‍മസമിതി തന്ത്രിയെ ഒരു ആയുധമാക്കി മാറ്റുകയാണ്. കര്‍മസമിതി എന്നു പറയുന്നത് ആര്‍എസ്എസിനെ തന്നെയാണ്. അതില്‍ സംശയമൊന്നുമില്ല. ജനാധിപത്യസംവിധാനത്തില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അക്രമങ്ങള്‍ അനുവദിക്കില്ല.
പൊലീസ് സ്റ്റേഷന് ബോംബ് എറിഞ്ഞ ആര്‍എസ്എസ് നേതാവിന്‍റെ ദൃശ്യം നമ്മള്‍ കണ്ടു. എന്തിനാണ് ഇങ്ങനയൊക്കെ ചെയ്യുന്നത്. ഒരു പൊലീസ് വെടിവെപ്പിന് വേണ്ട കളമൊരുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. വെടിവെപ്പിലൂടെ കുറച്ചു ബലിദാനികളെ ഉണ്ടാക്കി അതു വച്ച് കേരളത്തില്‍ കേന്ദ്ര ഇടപെടല്‍ നടത്താനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. വനിതാ മതിലിനെ അനുകൂലിച്ച് പോസ്റ്റിട്ട സ്ത്രീയെ വീട്ടില്‍ കയറി അക്രമിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
ജിഡിപിയുടെ പത്ത് ശതമാനം കേരളത്തിന് ലഭിക്കുന്നത് ടൂറിസം മേഖലയില്‍ നിന്നാണ്. എന്നാല്‍ ടൂറിസം മേഖലയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കുന്നത് ഹര്‍ത്താലുകളാണ്. ബിജെപി ആര്‍എസ്എസും നേതൃത്വം നല്‍കിയ ഹര്‍ത്താലുകളില്‍ വിനോദസഞ്ചാരമേഖലയ്ക്ക് മറ്റു രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന പരിഗണന നല്‍കിയില്ല. അവരുടെ ആദ്യലക്ഷ്യം തന്നെ വിനോദസഞ്ചാരികളായിരുന്നു എന്നു സംശയിക്കുന്നു. ബോധപൂര്‍വ്വം സഞ്ചാരികളുടെ വാഹനം തടയുകയും അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഇക്കുറി.
ഈശ്വരന് തുല്യമായി അതിഥികളെ പരിഗണിക്കുകയും പരിചരിക്കുകയും കേരളത്തില്‍ വിനോദസഞ്ചാരികളെ ഉപദ്രവിക്കുന്ന സംസ്കാരം പ്രചരിപ്പിക്കുന്നത് ശരിയല്ല. ബ്രിട്ടണ്‍ മാത്രമല്ല അമേരിക്കയും തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തൊരു നാണക്കേടാണിതൊക്കെ. കടകം പള്ളി പറയുന്നു.