22 September, 2017 09:26:55 PM
ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിംഗിന് ഇനി 7 ബാങ്കുകളുടെ ഡെബിറ്റ് കാർഡ് മാത്രം
ദില്ലി: ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് നിയന്ത്രണം. ഏഴു ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാത്രമേ ട്രെയിൻ ടിക്കറ്റുകൾ ഇനി ബുക്ക് ചെയ്യാനാവൂ. ഇന്ത്യൻ ഓവർസീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളാണ് ഐആർസിടിസി വെബ്സൈറ്റ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗിന് ഉപയോഗിക്കാൻ സാധിക്കുക.
ടിക്കറ്റ് ബുക്കിംഗിന് ഉപയോക്താക്കളിൽ നിന്ന് കൺവീനിയൻസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച തർക്കമാണ് നിയന്ത്രണത്തിന് വഴിവച്ചത്. ഐആര്‍സിടിസിക്ക് അനുകൂല നിലപാട് എടുക്കാതിരുന്ന എസ്ബിഐ അടക്കമുള്ള ബാങ്കുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കും നിയന്ത്രണം ബാധകമാണ്. ബാങ്കുകളെ ഒഴിവാക്കിയ നടപടി പിൻവലിക്കുന്നത് സംബന്ധിച്ച് റെയിൽവേ, ഐആര്‍സിടിസി അധികൃതരുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അറിയിച്ചു.