18 August, 2017 10:34:34 PM
ഹംപിയിലെ ചരിത്ര സ്മാരകത്തിന്റെ ചിത്രവുമായി പുതിയ 50 രൂപ നോട്ടുകൾ ഉടൻ
ദില്ലി: റിസർവ് ബാങ്ക് പുതിയ 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കും. ഹംപിയിലെ ചരിത്രസ്മാരകമായ തേരിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ക്ക് തിളക്കുള്ള നീല നിറമായിരിക്കുമുണ്ടാവുക. ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പോടുകൂടിയാണ് നോട്ടുകൾ പുറത്തിറങ്ങുന്നത്. പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ നോട്ടുകള്‍ ഉപയോഗത്തില്‍ തുടരുമെന്നും റിസര്‍വ്വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നിലവില്‍ പ്രചാരത്തിലുള്ള 50 രൂപ നോട്ടുകളില്‍നിന്ന് വിഭിന്നമായവയാണ് പുതിയ നോട്ടുകൾ. 66 എംഎം-135 എംഎം വലിപ്പത്തിലുള്ള നോട്ടുകളായിരിക്കും ഇവ. മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടിന്റെ നടുഭാഗത്തായിരിക്കുമുണ്ടാവുക. നോട്ടിന്റെ മറുവശത്താണ് ചരിത്രസ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഇടതുവശത്തായി നോട്ട് പുറത്തിറങ്ങുന്ന വര്‍ഷം രേഖപ്പെടുത്തിയിരിക്കും. സ്വച്ഛ് ഭാരത് ലോഗോ, വിവിധ ഭാഷകളിലുള്ള നോട്ടിന്റെ മൂല്യം എന്നിവയും ഉണ്ടായിരിക്കും.