18 August, 2017 10:33:44 PM
ബാങ്ക് ജീവനക്കാർ 22 ന് പണിമുടക്കും; സെപ്റ്റംബർ 15 ന് പാർലമെന്റ് മാർച്ച്
തിരുവനന്തപുരം: ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ (യുഎഫ്ബി) ബാങ്ക് ജീവനക്കാർ 22 ന് പണിമുടക്കും. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവത്കരണ ലയന നീക്കങ്ങൾ പിൻവലിക്കുക, കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളരുത്, മനപൂർവം വായ്പാ കുടിശിഖ വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക, ബാങ്ക്സ് ബോർഡ് ബ്യൂറോ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പണിമുടക്കിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സായാഹ്ന ധർണകളും ജനകീയ കണ്‍വെൻഷനുകളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഫ്ബിയുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും സെപ്റ്റംബർ 15 ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.