01 August, 2017 10:43:29 AM
ജിഎസ്ടി നിലവിൽ വന്ന് ഒരു മാസം തികയുമ്പോഴും ആശയക്കുഴപ്പം തുടരുന്നു
തിരുവനന്തപുരം: ചരക്കു സേവന നികുതി (ജിഎസ്ടി) നിലവിൽ വന്ന് ഒരു മാസം തികയുമ്പോഴും ആശയക്കുഴപ്പം തുടരുന്നു. സാധനങ്ങളുടെ വില ഇനിയും കുറഞ്ഞുതുടങ്ങിയില്ല. ഇനിയും വിലകുറച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നു ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് മനോരമ ന്യൂസിനോടു പറഞ്ഞു. ജിഎസ്ടി മൂലം സംസ്ഥാനത്തെ ചെറുകിട ഉൽപാദനമേഖല നേരിടുന്ന പ്രശ്നങ്ങൾ ശനിയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രി ഉന്നയിക്കും.
പഴയ സ്റ്റോക്ക് വിൽക്കുന്നതിനാൽ വിലകുറയ്ക്കാനാവില്ലെന്നാണു വ്യാപാരികളുടെയും കമ്പനികളുടെയും നിലപാട്. ജിഎസ്ടിക്കുപിന്നാലെ വാഹനങ്ങൾ പോലെ വിരലിലെണ്ണാവുന്ന ഉൽപന്നങ്ങളുടെ വില മാത്രമാണു കുറഞ്ഞത്. ബാങ്കിങ്, ഇൻഷുറൻസ്, മൊബൈൽ റീചാർജ് തുടങ്ങിയ സേവനങ്ങളുടെ നികുതിവർധന ഉടനടി പ്രാബല്യത്തിലായത് ജീവിതചെലവ് ഉയർത്തി. എന്നാൽ വ്യാപാരികളിൽനിന്ന് ജിഎസ്ടിക്കെതിരെ കാര്യമായ എതിർപ്പുയരുന്നില്ല. സംസ്ഥാനത്തു പ്രതീക്ഷിച്ചതിലും കൂടുതൽ വ്യാപാരികൾ റജിസ്ട്രേഷൻ എടുക്കുന്നുണ്ട്.
എന്നാൽ ഈ മാസം തീരുന്നതോടെ റിട്ടേൺ സ്വീകരിക്കാൻ ജിഎസ്ടിഎൻ സജ്ജമാകുമോ എന്ന് സംശയമുണ്ട്. സോഫ്റ്റ്‌വെയർ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. എച്ച്എസ്എൻ കോഡുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും വ്യാപകമാണ്, പ്രത്യേകിച്ച് ടെക്സ്റ്റയിൽ മേഖലയിൽ. സിന്തറ്റിക് നൂലിന് 18 ശതമാനവും അതുപയോഗിച്ച് നിർമിക്കുന്ന തുണിക്ക് അഞ്ചുശതമാനവുമാണ് നികുതി. ജിഎസ്ടിയിൽ കോഡ് ചെയ്യാത്ത ഉൽപന്നങ്ങളുടെ നികുതി യാന്ത്രികമായി 18 ശതമാനമാക്കി. വഞ്ചിവീടിന്റെ നികുതി അങ്ങനെ 18 ശതമാനമായത് വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി. ഇതും ഹോട്ടൽ ഭക്ഷണത്തിന്റെ നികുതിയും കുറയ്ക്കണം.
നികുതി കൂടിയത് സംസ്ഥാനത്തെ ചെറുകിട ഉൽപാദനമേഖലയെ കാര്യമായി ബാധിച്ചു. ഇത് മറികടക്കാൻ ഹോളോബ്രിക്സ്, പ്ലൈവുഡ്, ആയുർവേദം, സോപ്പ്, ഉണക്കമീൻ എന്നിവയുടെ നികുതി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെടും.