21 July, 2017 04:22:10 PM


ആഗസ്ത് 15 മുതല്‍ സ്മാര്‍ട്ട് ഫോണ്‍ സൗജന്യമായി നല്‍കുമെന്ന് അംബാനി



മുംബൈ: അടുത്ത സ്വാതന്ത്ര്യ ദിനം മുതല്‍ രാജ്യത്ത് ഡിജിറ്റല്‍ സ്വാതന്ത്ര്യം പ്രാവര്‍ത്തികമാക്കുമെന്നും സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു തുടങ്ങുമെന്നും പ്രഖ്യാപിച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. പൂജ്യം രൂപയ്ക്ക് ഫോണ്‍ ഓഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ഓഗസ്റ്റ് 24 മുതല്‍ പ്രീ ബുക്കിങ് ആരംഭിക്കും. ഓഫറിന്‍റെ ദുരുപയോഗം തടയാന്‍ 1500 രൂപയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഫോണ്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമെന്നും മുകേഷ് അംബാനി പറഞ്ഞു. 


വെറും 12 മാസം കൊണ്ട് രാജ്യത്തെ ജനസംഖ്യയുടെ 99 ശതമാനത്തെയും എത്തിപ്പിടിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് അംബാനി അവകാശപ്പെട്ടു. ജിയോ പുറത്തിങ്ങുന്നതിന് മുമ്പ് ലോകത്ത് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ 155ാം സ്ഥാനത്തായിരുന്നെങ്കില്‍ ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറി. 309 രൂപയ്ക്ക് പ്രൈം റീചാര്‍ജ്ജ് ചെയ്ത 100 മില്യനിലധികം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.


മാര്‍ക്കറ്റിലെ ഏറ്റവു ചെറിയ നിലവാരത്തിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് പോലും 3000 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെന്നും ഇത് രാജ്യത്തെ വലിയൊരു ശതമാനം ഉപഭോക്താക്കള്‍ക്കും താങ്ങാന്‍ കഴിയില്ലെന്നും അംബാനി പറഞ്ഞു. ജിയോയ്ക്ക് ശേഷം രാജ്യത്തെ ഡേറ്റാ ഉപയോഗം വന്‍ തോതില്‍ വര്‍ദ്ധിച്ചു. വെറും 153 രൂപ പ്രതിമാസം നിരക്കിലാണ് ജിയോ ഇന്റര്‍നെറ്റ് നല്‍കുന്നത്. ഇതേ അളവ് ഡേറ്റാ മറ്റ് കമ്പനികളില്‍ നിന്ന് ഉപയോഗിക്കുകയാണെങ്കില്‍ 4000 മുതല്‍ 5000 രൂപ വരെ നല്‍കേണ്ടി വരുമെന്നും അംബാനി പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K