20 June, 2017 11:54:10 AM
എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ കേരള എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു കോഴിക്കോട് സ്വദേശി ഷാഫിൽ മഹീനാണ് ഒന്നാം റാങ്ക്. ജെഇഇ പരീക്ഷയിലും ഷാഫിൽ മഹീൻ ഉന്നത വിജയം നേടിയിരുന്നു. ജെഇഇയിൽ ദേശീയതലത്തിൽ ഷാഫിലിന് എട്ടാം റാങ്ക് ആയിരുന്നു.
എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കുകളിൽ ആൺകുട്ടികൾ മേധാവിത്വം നേടി. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികൾക്കാണ്. യഥാക്രമം രണ്ടു മുതൽ നാലുവരെയുള്ള റാങ്കുകൾ കോട്ടയം സ്വദേശികൾ നേടി. വേദാന്ത് പ്രകാശ് ഷേണായി രണ്ടാം റാങ്കും അഭിലാഷ് ഷാർ മൂന്നാം റാങ്കും ആനന്ദ് ജോർജ് നാലാം റാങ്കും നേടി. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ 61,716 വിദ്യാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ 5,000 റാങ്കിൽ 2.535 പേർ കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്.
ഫാര്‍മസി കോഴ്സിലെ റാങ്ക് പട്ടികയില്‍ 28,022 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. മലപ്പുറം സ്വദേശി സി.പി. അലിഫ് അന്‍ഷിലിനാണ് ഒന്നാം റാങ്ക്. വിദ്യാര്‍ഥികളുടെ പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ നേടിയ മാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്കോറും തുല്യ അനുപാതത്തില്‍ പരിഗണിച്ചാണ് എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. ഈ മാസം 30ന് ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.