18 April, 2017 02:00:53 PM


സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നു




ദില്ലി: സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ സ്കൂളുകളില്‍ പത്താം ക്ളാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തത്വത്തില്‍ അംഗീകാരം നല്‍കി. അതേസമയം,ഹിന്ദി നിര്‍ബന്ധമാക്കുന്നത് സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കുമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷായായി ഹിന്ദിയെ നിശ്ചയിച്ചതിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ഓരോ സ്കൂളുകളിലും പഠിപ്പിക്കേണ്ട ഭാഷകള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂള്‍ ബോര്‍ഡായ സി.ബി.എസ്.ഇ കഴിഞ്ഞ വര്‍ഷം, ഇംഗ്ളീഷും രണ്ട് ഇന്ത്യന്‍ ഭാഷകളും ചേര്‍ന്നുള്ള ത്രിഭാഷ ഫോര്‍മുല മുന്നോട്ട് വച്ചിരുന്നു. ഇത് 9,10 ക്ളാസുകളിലേക്ക് വ്യാപിപ്പിക്കണം എന്നായിരുന്നു സി.ബി.എസ്.ഇയുടെ ശുപാര്‍ശ. ഉത്തരേന്ത്യയില്‍ ഹിന്ദി ഒരു വിഷയമാണെങ്കിലും ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. 

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്നതിന് ഹിന്ദിയില്‍ കുറഞ്ഞ അറിവെങ്കിലും വേണമെന്ന നിര്‍ദേശം നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ഹിന്ദി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റി 117 നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. ഇതില്‍ ഭൂരിഭാഗവും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും ഹിന്ദി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് സമയപരിധി നിശ്ചയിക്കാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഹിന്ദി ഭാഷ അറിയാവുന്ന കേന്ദ്ര മന്ത്രിമാരോട് അതേഭാഷയില്‍ തന്നെ പ്രസംഗിക്കാനും സമിതി നിര്‍ദേശിച്ചിരുന്നു. സാദ്ധ്യമാവുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരി. പരസ്യങ്ങള്‍ എല്ലാം ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും നല്‍കണമെന്ന നിര്‍ദ്ദേശവും രാഷ്ട്രപതി അംഗീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K