27 November, 2026 11:53:44 AM
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ടി.വി. പുരം വില്ലേജിലെ മൂത്തേടത്ത്കാവ് കരയിൽ കണ്ടത്തിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അനന്തു കെ. അനിൽ (23) നെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷ്നി എച്ച്. ശിക്ഷിച്ചത്. വൈക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) പരിഗണിച്ച കേസിലാണ് വിധി. പോക്സോ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. വൈക്കം ഡിവൈ.എസ്.പി. സിബിച്ചൻ ജോസഫാണ് കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 23 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം പ്രോസിക്യൂഷനുവേണ്ടി ഹാജരായി.




