09 November, 2026 05:37:26 PM
തീരദേശവാസികള്‍ക്ക് പ്രത്യേക അവകാശ നിയമം വേണം- എന്‍.കെ. പ്രേമചന്ദ്രന്

കൊല്ലം: വനാവകാശ നിയമത്തിന് സമാനമായി തീരദേശ ജനതയുടെ ജീവനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്കുന്ന 'കടലവകാശ നിയമം' (Right to Sea Act) നടപ്പിലാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. ആവശ്യപ്പെട്ടു. ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ കൊല്ലത്ത് സംഘടിപ്പിച്ച 'കേരളത്തിലെ ബ്ലൂ ഇക്കോണമിയും തീരദേശ ആശങ്കകളും: പരമ്പരാഗത മത്സ്യബന്ധന മേഖല നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തിലെ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. രാജേഷ് കോമത്ത്, പ്രൊഫ. ജോസഫ് ആന്റണി എന്നിവര്‍ നേതൃത്വം നല്കി. എ.ജെ. വിജയന്, കെ.വി. തോമസ്, ഫാ. സജിമോന്‍, റോബര്‍ട്ട് പനിപ്പിള്ള, ചാള്‍സ് ജോര്‍ജ്ജ് എന്നിവരും വിവിധ പഞ്ചായത്തുകളിലെയും കൊല്ലം കോര്‍പ്പറേഷനിലെയും ജനപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ശില്പശാലയ്ക്ക് ഐ.യു.സി.എസ്.എസ്.ആര്.ഇ. ഡയറക്ടര്‍ കെ.എം. സീതി സ്വാഗതം ആശംസിച്ചു.





