04 November, 2026 10:50:11 AM


പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ



കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്പെന്‍ഷന്‍ ആയ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹര്‍ജി. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. അന്വേഷണ വിധേയമായുള്ള സസ്പെന്‍ഷന്‍ ശിക്ഷാ നടപടിയല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. പരീക്ഷ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.

പിജി വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. സമരം ചെയ്യുന്ന ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവുക. ആറാം തീയതി ആരംഭിക്കുന്ന യുജി പരീക്ഷ എഴുതേണ്ട മൂന്നു വിദ്യാര്‍ഥികളും നടപടി നേരിടുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ചട്ടം പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. വിസിയുടെ അപ്പീല്‍ നിലനില്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ചരിത്രത്തിലാദ്യമായായിരുന്നു വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് കാട്ടി ഒരു സര്‍വകലാശാല വി സി തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്റന്‍സ് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ വിസി സിസ തോമസിനെതിരെ സമരം ചെയ്തതിനായിരുന്നു 60 ദിവസം മുമ്പ് വിദ്യാര്‍ത്ഥികളെ സെസ്പെന്‍ഡ് ചെയ്യുന്നത്. അതേസമയം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911