06 November, 2026 09:31:14 AM
കണ്ടാൽ ശർക്കര, ഉള്ളിൽ കഞ്ചാവ്; 37 കിലോ കഞ്ചാവ് ആർപിഎഫ് പിടിച്ചെടുത്തു

ആലുവ: ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച 37.700 കിലോ കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 19 ലക്ഷം രൂപ വിലവരും. വ്യാഴാഴ്ച ആലുവ സ്റ്റേഷനിലെത്തിയ വിവേക് എക്സ്പ്രസിൽ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഉടമസ്ഥരില്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുശേഖരം കണ്ടെത്തിയത്.
ജനറൽ കോച്ചിൽ പരിശോധന നടത്തുമ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ നാല് ചാക്കുകൾ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ശർക്കരയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പൊതിഞ്ഞാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥർ ചാക്കുകൾ അഴിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആർ.പി.എഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം, തിരുവനന്തപുരം ഇൻസ്പെക്ടർ ജിപിൻ എ.ജെയുടെ മേൽനോട്ടത്തിൽ എ.എസ്.ഐമാരായ സിജോ സേവ്യർ, വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ നിഖിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് തുടർനടപടികൾക്കായി ആലുവ എക്സൈസ് വിഭാഗത്തിന് കൈമാറി.





