08 November, 2026 07:20:05 PM
പാലക്കാട് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് കത്തിനശിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു. തമിഴ്‌നാട്ടിലെ തേനിയില്‍ വെച്ചാണ് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവുമാണ് ബസിലുണ്ടായിരുന്നത്. മുഴുവന്‍ പേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മൂന്നാര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ബസിന്റെ പിന്‍ഭാഗത്തെ ടയറിന് സമീപത്തുനിന്ന് സ്പാര്‍ക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ ബസ് നിര്‍ത്തി എല്ലാവരെയും പുറത്തിറക്കി. ഇതിനുപിന്നാലെയാണ് ടയര്‍ പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായും കത്തിനശിച്ചു.
അപകടകാരണം സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. അതേസമയം, വിദ്യാർഥികളുടെ ഏതാനും ബാഗുകളും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും തീപിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്.





