13 November, 2026 09:51:47 AM
ശ്രേഷ്ഠ ബാവാ പുരസ്കാരം നടൻ മമ്മൂട്ടിക്ക്

കൊച്ചി: യാക്കോബായ സഭ ഏർപ്പെടുത്തിയ പ്രഥമ 'ശ്രേഷ്ഠ ബാവാ പുരസ്കാരം' മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക്. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥമാണ് സഭ ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. കലാരംഗത്തെ അതുല്യമായ സംഭാവനകൾക്കൊപ്പം സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി മമ്മൂട്ടി നടത്തുന്ന മാതൃകാപരമായ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കായി അദ്ദേഹം നേതൃത്വം നൽകുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുരസ്കാര നിർണ്ണയത്തിൽ പ്രധാന ഘടകമായെന്ന് സമിതിയംഗങ്ങൾ വ്യക്തമാക്കി.





