07 October, 2026 12:53:04 PM


അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല; പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി



കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തേ പ്രതികളുടെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ മാസം പതിനഞ്ചിനാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് പ്രതികള്‍, വിചാരണ അടച്ചിട്ട മുറയില്‍ വേണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് ഭാവി ജീവിതത്തില്‍ തീരാകളങ്കമാകും. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന്‍ അനുവദിക്കരുതെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

കേസിന്റെ വിചാരണ തുറന്ന കോടതിയില്‍ തന്നെ നടത്തമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അസാധാരണ സാഹചര്യത്തില്‍ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടത്. അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല. സാക്ഷികളും പ്രതികളും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. കോടതി പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതിന് നിലവില്‍ തന്നെ വിലക്കുണ്ട്. കേസിലെ സാക്ഷികള്‍ പ്രതികളെ നേരിട്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് 70 തവണ പോസ്റ്റ് ചെയ്തിട്ടും പ്രതികള്‍ മൂന്ന് തവണ മാത്രമാണ് കോടതിയില്‍ ഹാജരായത്. അധിക കുറ്റം വായിച്ച ദിവസം പ്രതികള്‍ മുഖംമൂടി ധരിച്ചാണ് കോടതിയിലെത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ ഹര്‍ജിയില്‍ വിശദമായ വാദം കേട്ട വിചാരണക്കോടതി രഹസ്യ വിചാരണ എന്ന ആവശ്യം തള്ളി. ഇതിന് പിന്നാലെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കാമ്പസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. കേസില്‍ കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പതിനാറ് പേരെയാണ് പ്രതി ചേര്‍ത്തത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി. സഹലിനെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടുപോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950