02 October, 2026 08:51:12 AM


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ



തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലുണ്ടായ എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫൈദറാണ് അറസ്റ്റിലായത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിലെ ആദ്യ അറസ്റ്റാണിത്.

ബുധനാഴ്ച രാത്രിയായിരുന്നു തലസ്ഥാനം തെരുവ് യുദ്ധത്തിന് സമാനമായ സംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ചത്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സമരക്കാര്‍ തീപ്പന്തം അടക്കം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്.

കോളേജ് കാമ്പസില്‍ കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുപക്ഷവും കല്ലേറും ഏറ്റുമുട്ടലുമായി രംഗത്തെത്തി. പിന്നാലെ സ്ഥിതി രൂക്ഷമായി. തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തോളം തെരുവുയുദ്ധത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.

തിരുവനന്തപുരത്തെ സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു. കണ്ണൂരിലും കാസര്‍കോടുമായി വിവിധയിടങ്ങളില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് കയ്യാങ്കളിയില്‍ അവസാനിച്ചിരുന്നു. ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐഎം അറിവോടെയെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ വിമര്‍ശിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917