27 September, 2026 07:01:19 PM


നിന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നില്ല; വിദ്യാര്‍ഥിനിയെ അപമാനിച്ച കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷൻ



കൊച്ചി: പറവൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പ്രിയദര്‍ശിനി ബസ് കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് നടപടി. കണ്ടക്ടര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കുമെതിരെ നോര്‍ത്ത് പറവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെഎസ്ആർടിസി സിഎംഡി വ്യക്തമാക്കി. ബസിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്തമാണ്. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ ഗൗരവമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് നല്‍കില്ലെന്നും കണ്ടക്ടര്‍ പറഞ്ഞതായായാണ് പരാതിയി. കണ്ടക്ടര്‍ അസഭ്യം പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.

യാത്രക്കാരോടായി 'ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ' എന്ന് ചോദിക്കുകയും അവര്‍ക്കുകൂടി തന്നെ അവഹേളിക്കാനായി അവസരം ഉണ്ടാക്കികൊടുക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. തനിക്ക് വളരെയധികം മാനസികബുദ്ധിമുട്ടും നാണക്കേടും തോന്നുന്ന അവസ്ഥയായിരുന്നുവെന്നും അതിനാല്‍ വിഷയത്തില്‍ നടപടിയെടുത്ത് തനിക്ക് നീതി ഉറപ്പാക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932