15 September, 2026 07:39:20 PM


മനുഷ്യനന്മകള്‍ ഇന്നും സജീവമാണെന്ന് സ്‌നേഹദീപം തെളിയിക്കുന്നു- അപു ജോണ്‍ ജോസഫ്



മേവട: സമൂഹത്തിലെ മനുഷ്യനന്മകള്‍ ഇന്നും വളരെ സജീവമാണെന്ന് തെളിയിക്കുന്നതാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതിയെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. സുതാര്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പൊതുസമൂഹം പിന്തുണയ്ക്കും എന്നുള്ളതിന്റെ ഉദാഹരണമാണ് സ്‌നേഹദീപത്തില്‍ കണ്ണികളായി സംഭാവനകള്‍ നല്‍കാന്‍ തയ്യാറായി ആയിരത്തില്‍പ്പരം സുമനസ്സുകള്‍ രംഗത്ത് വന്നതിലൂടെ കാണുന്നത്.

സര്‍ക്കാരും പഞ്ചായത്തുകളും ഭവന നിര്‍മ്മാണ രംഗത്ത് ഒത്തിരിയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്നും ഓരോ ജില്ലയിലും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരായിട്ടുള്ളവരുണ്ട്. ഏറ്റവും അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് സുരക്ഷിതമായ വീട് ചുരുങ്ങിയ ചെലവില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹദീപം മോഡല്‍ കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണെന്ന് ചീഫ് വിപ്പ് അഭിപ്രായപ്പെട്ടു.

സ്‌നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള 64-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മേവടയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അപു ജോണ്‍ ജോസഫ്. സ്‌നേഹദീപം കൊഴുവനാലിന്റെ ആഭിമുഖ്യത്തിലുള്ള 27-ാം സ്‌നേഹവീടാണിത്. അമേരിക്കന്‍ മലയാളിയായ കിടങ്ങൂര്‍ സ്വദേശി സൈമണ്‍ കോട്ടൂര്‍ ആണ് ഈ സ്‌നേഹവീട് നിര്‍മ്മാണത്തിനുള്ള 4 ലക്ഷം രൂപ സ്‌നേഹദീപം സൊസൈറ്റിക്ക് നല്‍കിയത്.

യോഗത്തില്‍ എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ ജഡ്ജ് ആര്‍. ഗോപാലകൃഷ്ണപിള്ള ഗോകുലം, ഡോ. ദിവാകരന്‍ വാക്കപ്പുലം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയില്‍, കൊഴുവനാല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. ജോസ് പി. മറ്റം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റത്തില്‍, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷാജി ഗണപതിപ്ലാക്കല്‍, ജോയി മാടയാങ്കല്‍, ഷീന രാജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷാജി വളവനാല്‍, സതീഷ് ശ്രീനിലയം, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി ജോണ്‍ തോണക്കപ്പാറയില്‍, പി.ജി. ജഗന്നിവാസന്‍ പിടിയ്ക്കാപറമ്പില്‍, ഫിലിപ്പ് വെള്ളാപ്പള്ളി, ബെന്നി കോട്ടേപ്പള്ളി, ശ്രീകുമാര്‍ തെക്കേടത്ത്, ആനീസ് കുര്യന്‍ ചൂരനോലില്‍, സിബി പുറ്റനാനിക്കല്‍, സജി തകിടിപ്പുറം, ജെയിംസ് കോയിപ്ര, മാത്തുകുട്ടി വലിയപറമ്പില്‍, മെര്‍ലിന്‍ ജെയിംസ്,  ബോസ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 

സ്‌നേഹദീപം പദ്ധതി പ്രകാരമുള്ള 64-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം ഗവ.ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വ്വഹിക്കുന്നു. ഡോ. സിറിയക് തോമസ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ജോസി പൊയ്കയില്‍ എന്നിവര്‍ സമീപം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302