14 September, 2026 10:22:10 AM


ഹൈദരാബാദില്‍ റാപ്പിഡോ ബൈക്ക് ടാക്സിയില്‍ ബസിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം



ഹൈദരാബാദ്: റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർഗ (26) ആണ് മരിച്ചത്. അമീർപേട്ട് ശ്രീനഗർ കോളനിയിലെ ബിഗ് ബസാറിന് സമീപമാണ് അപകടമുണ്ടായത്. ബഞ്ജാറ ഹിൽസിലെ കാർ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുർഗ. റിപ്പയർ ചെയ്ത മൊബൈൽ ഫോൺ വാങ്ങുന്നതിനായി ബിഗ് ബസാറിലെ മൊബൈൽ ഷോപ്പിലെത്തിയ ശേഷം തിരികെ പോകാനാണ് ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത്. തുടർന്ന് റാപ്പിഡോ ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു.

യാത്രയ്ക്കിടെ തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിലും മറ്റൊരു സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഹേമദുർഗയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായാണ് റിപ്പോർട്ട്. അപകടത്തിൽ റാപ്പിഡോ ഡ്രൈവർക്കും പരിക്കേറ്റു. അപകടസമയത്ത് ഹേമദുർഗ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307