05 September, 2026 05:33:21 PM


കുണ്ടറ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍



കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയാണ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. എഴുകോണ്‍ പുത്തന്‍നട സ്വദേശി വൈജേഷ്(23) ആണ് കരുതല്‍തടങ്കലില്‍ നിന്ന് ചാടിയത്. ഇയാളെ സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് പിടികൂടിയത്. ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്നാണ് പ്രതി കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. 

ലോക്കപ്പ്തുറന്ന് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് നാന്തിരിക്കലെ വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ചകേസിലാണ് വൈജേഷിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കു ശേഷം കുണ്ടറ സ്റ്റേഷനില്‍ എത്തിച്ച വൈജേഷിനെ ലോക്കപ്പില്‍ അടച്ചെങ്കിലും പൂട്ടാന്‍ പോലീസുകാര്‍ മറന്നുപോയി. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30ഓടെ പാറാവുകാരന്റെ കണ്ണ് വെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ലോക്കപ്പിലേക്ക് നോക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വൈജേഷിനെ പിടികൂടിയത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913