02 September, 2026 05:44:21 PM
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തരമായി പരിശോധന നടത്താൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. അന്നദാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മുൻപ് നിലവിലുണ്ടായിരുന്ന സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ആവശ്യമായ ഏകോപനത്തിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് നിർദേശം. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി വ്യക്തമായ നടപടിക്രമങ്ങൾ തയ്യാറാക്കണമെന്നും ദേവസ്വം ബോർഡിന് മന്ത്രി നിർദേശം നൽകി. ഭാവിയിൽ ഇത്തരം പരാതികളോ ആശയക്കുഴപ്പങ്ങളോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






