01 September, 2026 09:46:32 AM


വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ



ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 9.50 രൂപയാണ് കൂടിയത്. ഇതോടെ ഡെല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747.50 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 9.50 രൂപ മുതല്‍ 11.50 രൂപ വരെയാണ് വില വര്‍ധന.

വാണിജ്യ എല്‍പിജി വിലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന കൊല്‍ക്കത്തയിലാണ്. ഇവിടെ 19 കിലോഗ്രാം സിലിണ്ടറിന് 11.50 രൂപ കൂട്ടി 2,884 രൂപയായി. ഭുവനേശ്വര്‍, ഹൈദരാബാദ്, പട്‌ന തുടങ്ങിയ നഗരങ്ങളിലും 11 രൂപയിലധികം വര്‍ധന രേഖപ്പെടുത്തി. അതേസമയം, ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, നോയിഡ, ചണ്ഡിഗഢ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളില്‍ സിലിണ്ടറിന് 9.50 രൂപയാണ് വര്‍ധിപ്പിച്ചത്. മുംബൈയില്‍ വില 2,701 രൂപയായി. ചെന്നൈയില്‍ 10.50 രൂപ വര്‍ധിച്ച് 2,916.50 രൂപയുമായി.

കേരളത്തിലും വില വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരം 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപ വര്‍ധിച്ച് 2,784 രൂപയായി. ബെംഗളൂരുവില്‍ 10 രൂപ ഉയര്‍ന്ന് 2,831 രൂപയായി. ഭുവനേശ്വറില്‍ 11 രൂപ വര്‍ധിച്ച് 2,919 രൂപയും, ഹൈദരാബാദില്‍ 11 രൂപ ഉയര്‍ന്ന് 2,996 രൂപയും ആയി. പട്നയിലാണ് വാണിജ്യ എല്‍പിജിക്ക് ഏറ്റവും ഉയര്‍ന്ന വില. ഇവിടെ 11 രൂപ വര്‍ധിച്ചതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 3,029 രൂപയായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305