10 August, 2026 02:29:22 PM
ഫിഷറീസ് മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ?- ജിജി ജോണ്‍

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറിന് ഫിഷറീസ് വകുപ്പുമായി ബന്ധമില്ലെന്ന് വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകള്‍ ജിജി ജോണ്‍. ഫിഷറീസ് മന്ത്രിക്ക് ഫിഷറീസ് വകുപ്പിനെ പറ്റിയുള്ള നോളജ് ഇല്ല എന്നേ പറയാന്‍ പറ്റൂ. മീഡിയ ഈ വിഷയത്തോട് കാണിക്കുന്ന ആത്മാര്‍ഥത പോലും വകുപ്പിലിരിക്കുന്നവര്‍ കാണിക്കുന്നില്ല. ഞങ്ങള്‍ ശബ്ദമുയര്‍ത്തിയതുകൊണ്ട് മാത്രം നടക്കുന്ന ഊര്‍ജിതമായ തിരച്ചില്‍ എന്തുകൊണ്ട് ആദ്യത്തെ ദിവസം ഉണ്ടായില്ല എന്നതാണ് ഞാന്‍ ചോദിക്കുന്നതെന്നും ജിജി പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിങ്ങ് ആളുകള്‍ പറഞ്ഞറിയുന്നുണ്ട്. ഇത്രയും വിവരമില്ലാത്തവര്‍ കേരളത്തിലുണ്ടോ എന്ന് ആലോചിച്ച് പോവുകയാണ്. നിങ്ങള്‍ക്ക് വരുമ്പോഴും നിങ്ങള്‍ ഇങ്ങനെ തന്നെ സംസാരിക്കണം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടന്നിരുന്നെങ്കിലും ഞാന്‍ ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നു. ഇത് ഇപ്പോഴാണ് നടക്കുന്നത്. ബോധമില്ലാത്ത, വിവരമില്ലാത്ത നിങ്ങളുടെ കൈയില്‍ നെറ്റുണ്ടെന്നത് കൊണ്ട് എന്തും എഴുതി പിടിപ്പിക്കാമെന്നത് വിവരമില്ലായ്മയാണ്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലന്നും ജിജി പറഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പതിനൊന്നാം ദിനവും തിരച്ചില്‍ നടക്കുകയാണ്.







