07 August, 2026 08:23:52 PM


കോട്ടയം ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം ഉറപ്പാക്കും- മന്ത്രി മോന്‍സ് ജോസഫ്



കോട്ടയം:  ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും വീടുകളില്‍ വെള്ളം കയറിയവര്‍ക്കും അര്‍ഹമായ സര്‍ക്കാര്‍ ധനസഹായം പരമാവധി വേഗത്തില്‍ ലഭ്യമാക്കുമെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ജലവിഭവ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ആലോചിക്കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതി പരിശോധന നടത്തി ധനസഹായത്തിന് അര്‍ഹതയുള്ളവരുടെ പട്ടിക  നല്‍കും. അര്‍ഹതയില്ലാത്ത ഒരാളും തുക കൈപ്പറ്റാതിരിക്കുന്നതിനും നടപടി സ്വീകരിക്കും. പ്രളയ ബാധിത മേഖലകളില്‍ വീടുകളില്‍ കഴിഞ്ഞവര്‍ക്കും ധനസഹായം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  മുന്‍വര്‍ഷങ്ങളിലെ പ്രളയ ധസഹായം കുടിശികയുണ്ടായിരുന്നു.  2024 വരെയുള്ള കുടിശിക അടുത്തിടെ കൊടുത്തു തീര്‍ത്തിട്ടുണ്ട്.  2025ലെ  തുകയും വിതരണം ചെയ്യുന്നതിന് നടപടിയുണ്ടാകും- മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നാശനഷ്ടത്തിന്റെ വിശദമായ കണക്കെടുപ്പ് നടത്തിവരികയാണ്.  കേന്ദ്ര  സഹായം ലഭിക്കുന്നതിനുള്ള സാധ്യതകളും സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള മാനദണ്ഡങ്ങള്‍കൂടി പാലിച്ചായിരിക്കും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക.

പ്രകൃതി ക്ഷോഭത്തിന്റെ തുടക്കം മുതല്‍ സമയോചിതമായ ഇടപെടല്‍ നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും പോലീസിനും ഫയര്‍ഫോഴ്‌സിനും മറ്റു വകുപ്പുകള്‍ക്കും സാധിച്ചു.  പ്രാദേശിക തലംവരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണമുണ്ട്. 

ദുരിതാശ്വാസ ക്യാമ്പുകള്‍ സുഗമമായി പ്രവര്‍ത്തിച്ചുവരുന്നു. ക്യാമ്പുകളില്‍നിന്നും മടങ്ങുന്നവരുടെ വീടുകളുടെ ശുചീരണത്തിനും കുടിക്കുന്നതിന് ശുദ്ധജലം ഉറപ്പാക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായ റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിനും വിശദമായ പദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും. 

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലും താലൂക്ക് അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലും യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തും. വിശദമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം ജില്ലാതലത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. 

ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന്  വീടുകളില്‍ മടങ്ങിയെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് അദ്ദേഹം വിലയിരുത്തി.

എംഎല്‍എമാരായ റോണി കെ. ബേബി, നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, വിനു ജോബ് കുഴിമണ്ണില്‍, കെ. ബിനിമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, എ.ഡി.എം സോളി ആന്റണി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926