24 August, 2026 07:07:07 PM


ഓണം ആഘോഷം സുരക്ഷിതമാക്കാൻ കോട്ടയം ജില്ലാ പോലീസിന്റെ സന്നാഹം



കോട്ടയം: ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി ജില്ലാ പോലീസ്. ഓണത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികൾ, മാർക്കറ്റുകൾ, വ്യാപാര-വ്യവസായ മേഖലകൾ, പൊതുജനങ്ങൾ കൂട്ടം ചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും ജനങ്ങളുടെ സുരക്ഷിതവും സുഗമവുമായ സഞ്ചാരം ഉറപ്പാക്കുന്നതിനുമായി കൂടുതൽ പോലീസിനെ വിന്യസിച്ചു.

പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും മാർക്കറ്റുകളിലും ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലാകെ 150-ലധികം ഷാഡോ പോലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. സ്ഥിരം കുറ്റവാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുന്നതിനുമുള്ള പ്രത്യേക പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടികളിലും പൊതുയിടങ്ങളിലും ജനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകും. തിരക്കേറിയ മേഖലകളിലെ വാഹന ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ആവശ്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണാഘോഷവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളോ കുറ്റകൃത്യങ്ങളോ കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു കെ. എം., IPS അറിയിച്ചു. സ്ഥിരം കുറ്റവാളികളെ കണ്ടെത്തിയാൽ ആവശ്യമായ സാഹചര്യത്തിൽ പ്രിവന്റീവ് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണം സമാധാനപരമായും സുരക്ഷിതമായും ആഘോഷിക്കുന്നതിനായി പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും, സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ജില്ലാ പോലീസ് അഭ്യർത്ഥിച്ചു.

 ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ കൂടുതലായി നിരത്തുകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പാർക്കിങ്ങുകളിൽ വാഹനങ്ങൾ നിർത്തുകയും  നിരത്തിലെ തിരക്കുകളിൽ അക്ഷമ കാണിക്കാതെ സ്വയം നിയന്ത്രിച്ചു പോലീസിനോട് സഹകരിക്കണമെന്നും ഈ അവസരത്തിൽ ആവശ്യപ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303