19 September, 2026 12:29:29 PM


കോട്ടയത്ത് 17-കാരൻ കാർ പടക്കം പൊട്ടിക്കുന്ന ശബ്ദത്തിൽ ഓടിച്ചു; അമ്മയ്‌ക്കെതിരെ കേസ്



കറുകച്ചാൽ: രൂപമാറ്റം വരുത്തി പടക്കം പൊട്ടിക്കുന്നതിന് സമാനമായ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിച്ച് പായുകയായിരുന്ന കാർ കറുകച്ചാൽ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ച 17-കാരന്റെ മാതാവായ പത്തനാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനും മോട്ടോർ വാഹന നിയമ ലംഘനത്തിനുമാണ് ഉടമ കൂടിയായ മാതാവിനെതിരെ നടപടി.

നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്ന് നെടുംകുന്നം ഭാഗത്ത് വെച്ചാണ് കറുകച്ചാൽ എസ്.ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാർ തടഞ്ഞുനിർത്തി പിടിച്ചെടുത്തത്. വാഹനം ഓടിച്ച 17 വയസ്സുകാരനെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിൽ പന്ത്രണ്ടിലധികം നിയമവിരുദ്ധ രൂപമാറ്റങ്ങൾ വരുത്തിയതായി കണ്ടെത്തി. വാഹനം മോട്ടോർ വാഹന വകുപ്പിന്റെ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കും. ആർ.ടി.ഒയുടെ പരിശോധനയ്ക്കു ശേഷം കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് കോടതിയിൽ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958