31 August, 2026 05:20:06 PM


പാചക വാതകവിതരണത്തിന് അമിത തുക; എജൻസികളുടെ യോഗം വിളിക്കും- കോട്ടയം ജില്ലാ കളക്ടർ



കോട്ടയം: പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ ഡെലിവറി ജീവനക്കാർ ഉപയോക്താക്കളിൽനിന്ന് അമിത തുക ഈടാക്കുന്നതു സംബന്ധിച്ച പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഗ്യാസ് ഏജൻസികളുടെ യോഗം വിളിച്ച് ഇതു സംബന്ധിച്ച് നിർദേശം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ വ്യക്തമാക്കി.

ജില്ലയിൽ ബാറുകളും കള്ളുഷാപ്പുകളും അനുവദിച്ചസമയം കഴിഞ്ഞും പ്രവർത്തിക്കുന്നതായി പരാതികളുയർന്ന പശ്ചാത്തലത്തിൽ പോലീസും എക്സൈസും സംയുക്ത പരിശോധന ശക്തമാക്കണമെന്ന്  കളക്ടർ നിർദേശം നൽകി.

തണ്ണീർമുക്കം ബണ്ട് റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കുക്കാൻ നടപടി വേണമെന്ന് കെ. ബിനിമോൻ എംഎൽഎ. യോഗത്തിൽ ആവശ്യപ്പെട്ടു. വൈക്കം-വെച്ചൂർ റോഡ് നവീകരണവുമായി ബന്ധപ്പെട്ട  നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കോടിമത പുതിയ പാലത്തിൻറെ അപ്രോച്ച് റോഡ് നിർമാണം സെപ്റ്റംബർ പത്തിനുള്ളിൽ പുർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കാലവസ്ഥ അനുകൂലമാകാത്തതുകൊണ്ടാണ് ടാറിംഗ് വൈകിയതെന്ന്  വകുപ്പ് വിശദീകരിച്ചു. അതിരമ്പുഴ നാൽപ്പാത്തിമലയിലെ വാട്ടർ ടാങ്ക് പ്രവർത്തനസജ്ജമാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ റോണി കെ. ബേബി എം.എൽ.എ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധി മോഹൻ കെ. നായർ, അഡ്വ. ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രതിനിധി അഡ്വ. ടി.വി. സോണി, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആൻറണി കുന്നുംപുറം, വിനു ജോബ് എംഎൽഎയുടെ പ്രതിനിധി അഹമ്മദ് നിസാർ,  ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K