24 August, 2026 07:23:52 PM


ആശങ്കകളില്ലാതെ ഓണം ആഘോഷിക്കാന്‍ നാടൊരുങ്ങി- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ



കോട്ടയം: ജനങ്ങള്‍ക്ക് ആശങ്കകളില്ലാതെ ഓണം ആഘോഷിക്കുന്നതിനുള്ള  മുന്നൊരുക്കങ്ങള്‍ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.  ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം -ഓണനിറവ് 2026- തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്തു  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സിവിൽ സപ്ലൈസ് കോര്‍പ്പഷന്‍റെ വില്‍പ്പന ശാലകളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ആവശ്യമുള്ള അവശ്യ വസ്തുക്കൾ ലഭ്യമാക്കി. പെന്‍ഷനും മറ്റ് ധനസഹായങ്ങളും വിതരണം ചെയ്ത് ഓണത്തോടനുബന്ധിച്ച് ജനങ്ങള്‍ക്കുവേണ്ടി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചടങ്ങിൽ ജലവിഭവ-ഭവനനിർമാണവകുപ്പ് മന്ത്രി മോൻസ് ജോസഫ്  അധ്യക്ഷത വഹിച്ചു. 100 ദിന കർമപരിപാടിയിൽ സംസ്ഥാന  സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ വിജയമാണ് പൂർവാധികം ഭംഗിയായി ഓണം ആഘോഷിക്കാൻ അവസരമൊരുക്കിയതെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങൾക്കും സംതൃപ്തിയോടെ ഓണം ആഘോഷിക്കാനാവുമെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്,  ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പോലീസ് മേധാവി  കെ.എം. സാബു മാത്യു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി, ഫാ. തോമസ് പുതുശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യൂജിൻ തോമസ്,  അസീസ് കുമാരനെല്ലൂർ, അഡ്വ. ജയ്‌സൺ ജോസഫ്, ടോണി കുമരകം എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ബസേലിയസ് കോളജ് മൈതാനത്തുനിന്ന് തിരുനക്കര മൈതാനിയിലേക്ക് സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന വേദിയില്‍ നീലാംബരി ഓർക്കസ്ട്രയുടെ മ്യൂസിക്കൽ ഫ്യൂഷന്‍ അരങ്ങേറി. ഉദ്ഘാടനച്ചടങ്ങിനുശേഷം കോട്ടയം കമ്യൂണിക്കേഷന്‍സിന്‍റെ ഗാനമേളയും ഉണ്ടായിരുന്നു. ഓഗസ്റ്റ് 28 വരെയാണ് ജില്ലാതല ഓണാഘോഷം. എല്ലാദിവസവും വൈകിട്ട് വൈവിധ്യമാർന്ന കലാ-സംസ്‌കാരികപരിപാടികളും ഒരുക്കിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306