07 September, 2026 06:50:55 PM


ബാലാവകാശ സംരക്ഷണ കമ്മിഷൻ സിറ്റിംഗ്; 25 കേസുകൾ തീർപ്പാക്കി



കോട്ടയം:  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 32 കേസുകൾ പരിഗണിച്ചു. 25 എണ്ണം തീർപ്പാക്കി. എട്ടു കേസുകൾ വിശദ പരിശോധനയ്ക്കായി മാറ്റിവച്ചു. കമ്മിഷൻ അംഗങ്ങളായ ടി.സി. ജലജമോൾ, പി. ഷാജേഷ് ഭാസ്‌കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. ചങ്ങനാശേരി നഗരസഭാപരിധിയിലെ ഓട്ടിസം സെന്റർ മാടപ്പള്ളിയിലേക്കു മാറ്റുന്നതിനെതിരേ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇടപെട്ട കമ്മിഷൻ നഗരസഭാപരിധിയിൽ തന്നെ ഒരു സബ്സെന്ററിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് നഗരസഭാ സെക്രട്ടറിക്കും വിദ്യാഭ്യാസവകുപ്പിനും നിർദേശം നൽകി.

സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്‌പോൾ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ ബാധിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഉറപ്പാക്കണം. ഈ വിഷയത്തിൽ കുട്ടികൾതന്നെയാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ രാമപുരം ഗവൺമെൻറ് ആശുപത്രിയിൽ  അനാസ്ഥയുണ്ടായെന്ന പരാതിയെത്തുടർന്ന് ഇത്തരം പരാതികൾക്ക് ഇടയാകാത്തവിധം ജാഗ്രത പുലർത്തണമെന്ന് ആശുപത്രി സൂപ്രണ്ടിന് കമ്മീഷൻ നിർദേശം നൽകി.

അയൽവാസി മോശമായി പെരുമാറിയെന്ന കുട്ടികളുടെ പരാതിയിൽ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. സ്‌കൂൾ അധികൃതരിൽനിന്ന് കുട്ടികൾക്ക് മോശം അനുഭവം നേരിട്ടെന്ന  പരാതികളിൽ സ്‌കൂൾ അധികൃതരെ കമ്മിഷൻ താക്കീതു ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298