14 September, 2026 10:43:28 AM
കോട്ടയത്ത് രണ്ട് വിവാഹ ചടങ്ങിന് ഭക്ഷണം എത്തിക്കാതെ കാറ്ററിങ് സംഘം മുങ്ങി

കോട്ടയം: കോട്ടയത്ത് രണ്ട് കല്യാണ മണ്ഡപങ്ങളിൽ വിവാഹച്ചടങ്ങിന് ഭക്ഷണം എത്തിക്കാതെ കാറ്ററിങ് സംഘം മുങ്ങി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കത്തിക്കുഴിയിലുമാണ് വിവാഹച്ചടങ്ങുകളിൽ വധുവിൻ്റെ കുടുംബക്കാർക്ക് ദുരനുഭവമുണ്ടായത്. കഞ്ഞിക്കുഴി സ്വദേശിനിയുടെ വിവാഹത്തിന് ഭക്ഷണവും സ്റ്റേജും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് നൽകിയിരുന്നത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് സമീപത്തെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണമെത്തിച്ച് ക്ഷണിക്കപ്പെട്ട ആളുകൾക്ക് നൽകേണ്ടി വന്നു.
ചോറ്റിയിൽ നടന്ന വിവാഹത്തിൽ പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം രൂപയുടെ കരാറാണ് നൽകിയതെങ്കിലും കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കാറ്ററിങ് സ്ഥാപനത്തിനെതിരെയും പണം കൈപ്പറ്റിയ ആൾക്കെതിരെയും വധുവിന്റെ വീട്ടുകാർ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.





