04 August, 2026 02:01:36 PM
കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

ചെറുപുഴ: കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ചെറുപുഴ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട ആർ രാജേഷിന്റെ മൃതദേഹം കണ്ടെത്തി. പുളിങ്ങോം പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശിയാണ് രാജേഷ്. മീന്തുള്ളി തുരുത്തിൽ അകപ്പെട്ട ബെന്നി എന്നയാളെ രക്ഷിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്ച ആയിരുന്നു സംഭവം.
കൂട്ടുകാർക്കൊപ്പമാണ് കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനായി രാജേഷ് എത്തിയത്. തുരുത്തിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി തിരിച്ച് പുഴകടക്കുമ്പോഴാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായിരുന്നു രാജേഷ്. സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തിയാണ് തുരുത്തിൽ എത്തിയത്.
രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി തിരിച്ച് പുഴ കടക്കുമ്പോൾ കയറിൽനിന്ന് പിടിവിടുകയും ഒഴുക്കിൽപ്പെടുകയും ആയിരുന്നു. അതേസമയം ദിവസങ്ങൾ പിന്നിട്ടിട്ടും രാജേഷിനെ കണ്ടെത്താനാകാത്തതിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. സർക്കാർ തലത്തിൽ കാര്യമായ ഇടപെടലുണ്ടായില്ലെന്നും പരാതി പറയാൻ വിളിച്ചപ്പോൾ സ്ഥലം എംഎൽഎയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.






