23 July, 2026 10:45:21 AM
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍. വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രശാന്തിനെ എത്തിക്കുമെന്നാണ് വിവരം. മൂന്നംഗസംഘമാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ വീട്ടിലെത്തിയ സംഘം പ്രശാന്തിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടെവരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി എസ് പ്രശാന്ത് ഉള്‍പ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി അറിയിച്ചിരുന്നു. 2025-ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019-ല്‍ നടന്നതായി പറയുന്ന സ്വര്‍ണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് ആരോപണം. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലുമുണ്ടായ അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് എസ്‌ഐടിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പി എസ് പ്രശാന്തിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാറിനുമെതിരെ പുതിയ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്‌ഐടിക്ക് അനുമതി നല്‍കിയത്.







